യതീം ഖാനയെന്ന കെട്ടിടമില്ലാതെ
December 25, 2022 2023-11-14 13:37യതീം ഖാനയെന്ന കെട്ടിടമില്ലാതെ
ഈ ഫോട്ടോയിൽ കാണുന്നത് പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ മുസ്തഫ ഹുദവി ആക്കോട് ആണ്..
ജനുവരി 21 ന് നടക്കുന്ന 3 യതീം കുട്ടികളുടെ നിക്കാഹിന് തന്റെ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ നേരിട്ട് കത്ത് നൽകി ക്ഷണിക്കുന്നതാണ് ചിത്രം..!
ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ മനോഹരമായി മാതൃകാ രീതിയിൽ യതീം മക്കളെ സംരക്ഷിക്കുന്ന രീതിയെ കുറിച്ച് നിങ്ങളോട് പങ്ക് വെക്കണമെന്ന് തോന്നി. നിലവിൽ 278 ബാപ്പയില്ലാത്ത യതീം കുട്ടികളുടെ ഉപ്പയാണ് ഈ പണ്ഡിതൻ. യതീം ഖാനയെന്ന കെട്ടിടമില്ലാതയാണ് ഇത്രയും കുട്ടികളെ സംരക്ഷിക്കുന്നത്.. എല്ലാ യതീം കുട്ടികളും സ്വന്തം വീട്ടിൽ അവരുടെ ഉമ്മക്കും സ്വന്തക്കാർക്കുമൊപ്പം തന്നെ കഴിയുന്നു എന്നതാണ് ഏറെ സന്തോഷം നൽകിയത്. ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് 15 വയസ് വരെയുള്ള അർഹരായവരെ കണ്ടെത്തുന്നു… എല്ലാ മാസവും 25 ന് മുമ്പ് അവർക്ക് ആ മാസം വേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഓഫീസ് വാട്ട്സ് അപ്പിൽ അയച്ചു കൊടുക്കുക. (ഓരോ കുട്ടികൾക്കും അവർക്കിഷ്ടപ്പെട്ടത് തന്നെ കഴിക്കാം ) ഓഫീസിൽ നിന്ന് സ്റ്റാഫ് ഇത്രയും കുട്ടികളുടെ വീട്ടിൽ സാധനങ്ങൾ നേരിട്ടെത്തിച്ചു കൊടുക്കുന്നു..
മാഷ അള്ളാഹ് ‘ …!
എല്ലാ രണ്ടാം ഞായറാഴ്ചയും ഓഫീസിൽ ഏൽപിക്കപ്പെട്ട നേർച്ചയാക്കപ്പെട്ട സാധനങ്ങൾ വാങ്ങാൻ രക്ഷിതാക്കൾ ഓഫീസിലെത്തുന്നു..
ലഭിച്ചതെല്ലാം വീതം വെച്ച് കൃത്യമായി നൽകുന്നു. മാത്രമല്ല ആ മാസത്തിൽ കുട്ടികൾക്കും ഉമ്മമാർക്കും വേണ്ട മാംസം മൽസ്യം വാങ്ങാനുള്ള പണവും അങ്ങോട്ട് വരാൻ ചിലവായ വണ്ടിച്ചെലവും നൽകുന്നു.. പഠിക്കുന്ന കുട്ടികൾക്ക് അവർക്കിഷ്ടമുള്ള സ്ഥാപനത്തിൽ ഇഷ്ടമുള്ള കോഴ്സിൽ പഠിക്കാം. ചിലവ് മുഴുവൻ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി വഹിക്കുന്നു..
നിലവിൽ നീറ്റ് കോച്ചിങ്ങ് , സി.എ എന്നിങ്ങന്നെ ഉന്നത അക്കാദമിക് ലക്ഷ്യം വെച്ച് പഠിക്കുന്ന മക്കൾ വരെയുണ്ട് എന്നറിയുമ്പോൾ അഭിമാനം തോന്നുകയാണ്..
മാത്രമല്ല വല്ല മെഡിക്കൽ ചിലവും വന്നിട്ടുണ്ടെങ്കിൽ നേരത്തെ ഓഫീസിൽ അറിയിച്ചാൽ ആ ചിലവും നൽകി പോരുന്നു..
ഒരു കുട്ടിക്ക് വർഷം 25000 രൂപ ചിലവ് വരും. ഓടി നടന്ന് പ്രഭാഷണം നടത്തി ആരുമില്ലാത്ത യതിം മക്കളെ പോറ്റുന്ന ഒരു മനുഷ്യനും അദ്ധേഹത്തോടൊപ്പം എന്തിനും തയ്യാറായി നിൽക്കുന്ന കുറെ സഹകാരികളെയും ആക്കോട് പോയാൽ നിങ്ങൾക്കും കാണാം..
ഒരു തരത്തിലും യതീം മക്കളാണെന്ന തോന്നൽ ആ കുട്ടികൾക്കുണ്ടാവരുത് എന്നതാണ് ഈ മനുഷ്യന്റെ ആഗ്രഹം!
എന്നിട്ടും ചില ഉമ്മമാർക്ക് നിരാശ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ് പ്രതീക്ഷ നൽകുന്ന ഒരു സെഷൻ നൽകാൻ എന്നെ ഏൽപിച്ചത്..
അന്ത്യനാൾ അടുത്താൽ പോലും ഒരു തൈ നടണമെന്ന് പഠിപ്പിച്ച പ്രവാചകൻ നൽകിയ പ്രതീക്ഷയുടെ ഒരുപാട് ചിന്തകളും നല്ല പാരന്റിംഗ് പാഠങ്ങളും ആവും വിധം നൽകാൻ ശ്രമിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇങ്ങനെ വളർത്തിയ മൂന്ന് കുട്ടികളുടെ നിക്കാഹ് ആണ് ജനുവരി 21 ന് …
എനിക്കും കിട്ടി ഒരു കത്ത് …
എന്നിട്ട് പറഞ്ഞ് മക്കളുടെ മംഗലത്തിന് കടുംബ സമേതം വരണമെന്ന് …
ഇന്ന് വരെ ഇങ്ങനെ ഒരു വിവാഹ ക്ഷണം എനിക്ക് ലഭിച്ചിട്ടില്ല ..
ഇ. അ പങ്കെടുക്കണം.
–
അഷ്റഫ് മലയിൽ