15 മണിക്കൂറിൽ ഖുർആൻ പൂർണ്ണമായും മനപ്പാഠം ഓതി ഹാഫിള് അൻഷിദ് റസൽ എം പി
March 3, 2026 2026-03-03 20:0015 മണിക്കൂറിൽ ഖുർആൻ പൂർണ്ണമായും മനപ്പാഠം ഓതി ഹാഫിള് അൻഷിദ് റസൽ എം പി

15 മണിക്കൂറിൽ ഖുർആൻ പൂർണ്ണമായും മനപ്പാഠം ഓതി ഹാഫിള് അൻഷിദ് റസൽ എം പി
ആക്കോട്: ആക്കോട് ഇസ്ലാമിക് സെൻ്ററിനു കീഴിൽ പ്രവർത്തിക്കുന്ന ഊർക്കടവ് ഖാസിം മുസ്ലിയാർ തഹ്ഫീളുൽ ഖുർആൻ കോളേജ് വിദ്യാർത്ഥി ഹാഫിള് അൻഷിദ് റസൽ പതിനഞ്ച് മണിക്കൂറിനുള്ളിൽ ഖുർആൻ പൂർണമായും കാണാതെ പാരായണം ചെയ്ത് ശ്രദ്ധ നേടി.
വിശുദ്ധ റമളാനിലെ വിലപ്പെട്ട സമയം ഉപയോഗപ്പെടുത്തി ഏറെ ശ്രമകരമായ ദൗത്യം ഏറ്റെടുത്ത് മികവ് തെളിയിച്ചതിൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും സ്ഥാപനാധികാരികളും അധ്യാപകരും വിദ്യാർത്ഥിയെ അനുമോദിച്ചു. ഇന്നലെ പുലർച്ചെ തുടങ്ങിയ പാരായണം ആവിശ്യമായ ഇടവേളകളോടൊപ്പം പാതിരാത്രിക്കടുത്താണ് പൂർത്തിയായത്. സ്ഥാപനത്തിലെ ഹിഫ്ള് അധ്യാപകൻ ഹാഫിള് അബ്ദുല്ല വാഫിക്കു മുന്നിലായിരുന്നു അൻഷിദിൻ്റെ പാരായണം. ഔദ്യോഗിക സമയങ്ങൾക്കൊപ്പം ഒഴിവുവേളകളിലെ നിരന്തര പരിശ്രമങ്ങളുമാണ് അൻഷിദിനെ ഈകാര്യത്തിന് പ്രാപ്തനാക്കിയത്. സ്ഥാപനത്തിനകത്തും പുറത്തും നടക്കുന്ന ഖുർആൻ ഹിഫ്ള് മത്സരങ്ങളിലും കാമ്പസ് കലാകായിക മത്സരങ്ങളിലും വിദ്യാർത്ഥി മികവ് തെളിയിച്ചിട്ടുണ്ട്. സ്ഥാപനത്തിലെ പഠനത്തിനു പുറമേ മദീന മസ്ജിദുന്നബവി ഔഖാഫ് മാന്ത്രാലയത്തിനു കീഴിലും അൻശിദ് റസൽ ഹിഫ്ളിൻ്റെ ദൗറ നിർവ്വഹിച്ചു വരികയാണ്.
പുതിയ വർഷത്തെ അഡ്മിഷനിലേക്ക് അപേക്ഷകൾ സ്വീകരിച്ചുവരുന്ന സ്ഥാപനത്തിൽ നിലവിൽ പത്ത് അധ്യാപകർക്ക് കീഴിലായി അൻഷിദ് റസൽ ഉൾപ്പെടെ തൊണ്ണൂറ്റി ഒമ്പത് വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്നു. കോഴിക്കോട് ജില്ലയിലെ പൂവാട്ടുപറമ്പിൽ അധ്യാപകരായ എം പി ശൈഖുദ്ദീൻ, ടി കെ സൽമ ദമ്പതികളുടെ മകനായ അൻശിദ് റസൽ നിലവിൽ ഒമ്പതാം ക്ലാസ് വിദ്യാത്ഥിയാണ്.