2001-ലെ കാലഘട്ടത്തിൽ, മലപ്പുറം ജില്ലയിലെ പ്രമുഖ യതീംഖാനയിൽ സേവനനിരതനായിരുന്നു ഞാൻ. അനാഥരെയും അഗതികളെയും അന്നമൂട്ടാൻ കേരളത്തിനകത്തും പുറത്തുമുള്ള സമ്പന്നരും സാധാരണക്കാരും മത്സരബുദ്ധ്യാ നാല് നേരവും എത്തിച്ചേരുന്ന കാഴ്ചകൾ പതിവായിരുന്നു. അന്ന് ഉച്ചഭക്ഷണം സ്‌പോൺസർ ചെയ്തിരുന്നത് ബാംഗ്ലൂരിൽ നിന്നൊരു സമ്പന്ന കുടുംബമായിരുന്നു.
ളുഹർ നമസ്കാരശേഷം, ഭക്ഷണദാതാക്കൾക്കായി സംഘടിപ്പിച്ച പ്രാർത്ഥനാ സദസ്സിലേക്ക് കുടുംബസമേതമായി എത്തിയ ബാംഗ്ലൂർ അതിഥികളെ ഞങ്ങൾ ഹൃദയപൂർവം സ്വീകരിച്ചു. സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങളും പദ്ധതികളും ആവശ്യങ്ങളും അറിയിക്കുന്നതിനായി സമീപത്തെ സ്കൂളിൽ നിന്നുള്ള ഒരു ഉർദു അധ്യാപകനെയും ക്ഷണിച്ചു വരുത്തി. അദ്ദേഹത്തിന്റെ ഹൃസ്വമായ ഉർദു വിശദീകരണത്തിനുശേഷം, പ്രാർത്ഥന ആരംഭിച്ചു.
മുന്നിലിരുന്ന അനാഥമക്കളുടെ നീട്ടിയ കൈകളിൽ നിന്നും ഉച്ചത്തിൽ മുഴങ്ങിയ “ആമീൻ” കൊണ്ട് ശബ്ദമുഖരിതമായ അന്തരീക്ഷം തലേന്ന് പോലെ സജീവമായിരുന്നു. പക്ഷേ, ദുആയുടെ അവസാനഘട്ടത്തിൽ ഒരുവേള ഉയർന്ന തേങ്ങിക്കരച്ചിൽ എല്ലാം മൗനത്തിലാക്കി. പിന്നീട് അത് പൊട്ടിക്കരച്ചിലായി മാറി; പിന്നീട് സ്ഥാപന മേധാവികളുടെയും ഉസ്താദുമാരുടെയും പൊട്ടിത്തെറിയായി അതിനു രൂപം കൊടുത്തു.
“നിങ്ങളീ അനാഥമക്കളെ പ്രയാസപ്പെടുത്തേണ്ട… അവരെ മുന്നിൽ നിറുത്തി സഹതാപ വാക്കുകൾ പറഞ്ഞ് അവരുടെ അഭിമാനത്തിന്ന് ക്ഷതമേൽപ്പിക്കുന്ന പ്രാർത്ഥനകൾ ഞങ്ങൾക്കാവശ്യമില്ല. അവരുടെ മനസ്സിൽ നിന്നൊരു ‘അൽഹംദുലില്ലാഹ്’ മാത്രം മതി, അതിൽ ഞങ്ങൾ ധന്യരാണ്.”
ബാംഗ്ലൂർ അതിഥികൾക്ക് മുന്നിൽ ഒരക്ഷരം മറുത്ത് പറയാൻ പോലും ഞങ്ങൾക്ക് കഴിഞ്ഞില്ല. ആ സംഭവത്തിന് ശേഷം, എന്റെ മനസ്സിൽ പതിഞ്ഞു പോയ ചോദ്യമായി മാറി:
“അനാഥമക്കളെ അസ്വസ്ഥരാക്കാതെയും, അവരുടെ അഭിമാനത്തിനും അന്തസ്സിനും ക്ഷതം വരുത്താതെയും അനാഥ സംരക്ഷണം എങ്ങനെ സാധ്യമാകും?”
ഇന്നിതാ, കണ്ണുകണ്ടുകൂടി കാണുന്ന അവസ്ഥയിൽ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയതായി മനസ്സിലാവുകയാണ്. പ്രൈമറി പ്രായത്തിൽ തന്നെ പ്രസംഗമികവിലൂടെ പേരെടുത്ത വ്യക്തിത്വം… തന്റെ കഴിവും മികവും പരമാവധി പ്രയോജനപ്പെടുത്തി ജന്മനാട്ടിൽ പടുത്തുയർത്തിയ വിദ്യാഭ്യാസസ്ഥാപനങ്ങൾ കെട്ടിടസമുച്ചയങ്ങൾ മാത്രമല്ല. മറിച്ച്, അനാഥരുടെയും ആലംബഹീനരുടെയും ആശാകേന്ദ്രവുമാണ്.
മുസ്തഫ ഹുദവി എന്ന മനുഷ്യസ്നേഹിയായ പണ്ഡിതപ്രതിഭയാണ് അതിന് പിന്നിൽ. അനാഥമക്കളില്ലാതെ അനാഥമാവുന്ന അനാഥാലയങ്ങൾ പ്രതിസന്ധിയിലാവുന്ന ഈ കാലഘട്ടത്തിൽ പോലും, ബദൽ സംവിധാനം ചിന്തിക്കാനേ കഴിയാത്തവർക്കിടയിലാണ് ഹുദവി യതീം സംരക്ഷണത്തെ കൃത്യമായി ആവിഷ്ക്കരിച്ചത്.
അറുനൂറിലധികം അനാഥമക്കൾക്ക് അഭിമാനത്തെയും അന്തസ്സിനെയും നഷ്ടപ്പെടുത്താതെ, അവരുടെ കുടുംബത്തിൽ നിന്നും വേർപെടാതെ, ഭക്ഷണം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾ ഏറ്റെടുത്ത് നടത്തുന്ന ഹുദവിയുടെയും സ്ഥാപനത്തിൻറെയും സംവിധാനം ഒരു വെല്ലുവിളിയാവുകയാണ്.
തന്റെ പ്രസംഗമികവിലൂടെ ആയിരങ്ങളെ ആകർഷിച്ചിട്ട്, അതെ സാധ്യത സാമ്പത്തികമായി സ്വന്തം ഉയർച്ചക്ക് ഉപയോഗിക്കുന്നവരിൽ നിന്നും വ്യത്യസ്തനാണ് ഇദ്ദേഹം. സുഹൃദ്ബന്ധങ്ങളിലെ സമ്പന്നരുമായുള്ള സ്വാധീനം തൻ്റെ പരിസരത്ത് പ്രയാസപ്പെടുന്ന ദീനീ സേവകരിലേക്കും പണ്ഡിതന്മാരിലേക്കും വലിയൊരു സാമ്പത്തിക സഹായമായി എത്തിക്കാൻ ഉപയോഗിച്ചാണ് ഹുദവി നിലകൊള്ളുന്നത്.
ആരോഗ്യത്തിനും വിശ്രമത്തിനും അതീതമായി, ഇദ്ദേഹം കാണിക്കുന്ന കരുതലിനും കരുണാ മനസ്സിനും മുന്നിൽ തലവഴിയാതിരിക്കാൻ കഴിയില്ല.
“ആക്കോട് ഇസ്ലാമിക് സെൻ്റർ” — കരുണയും കരുതലും ഒരുമിച്ചുള്ള സ്ഥാപനം എന്ന് കണ്ണടച്ച് പറയാം.
കരുണാമയനായ പടച്ച തമ്പുരാൻ ഹുദവിക്ക് മികച്ച പ്രതിഫലം നൽകട്ടെയെന്ന പ്രാർത്ഥനയോടെ…
ജഅഫർ ബാഖവി കാതിയോട്
(ഖത്തീബ്, മുക്കിൽ)